വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ സംഭവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വി ശിവന്‍കുട്ടി

Update: 2026-04-19 08:34 GMT

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ സംഭവിച്ചെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ജാഗ്രതയുണ്ട്. ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ഞങ്ങള്‍ ദുരന്തബാധിതര്‍ക്ക് കൈമാറില്ല. അഞ്ചുവര്‍ഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുല്‍ ഗാന്ധി കല്ലിട്ട വീടുകള്‍ എവിടെയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.

കോണ്‍ഗ്രസ് പിരിച്ച പണം എവിടെ. വിള്ളല്‍ തിരഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ. ഒരു പ്ലാന്‍ പോലും ഇല്ലാതെ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് പിരിച്ച പണം എവിടെ എന്ന് പറയണം. പിരിച്ച കാശിന്റെ കണക്ക് പറയട്ടേ. ഇപ്പോള്‍ അവര്‍ പറയുന്നതൊന്നും വിശ്വസിക്കാന്‍ പറ്റുന്ന കണക്കല്ല. വീട് വെച്ചുനല്‍കാതെ, ടൗണ്‍ഷിപ്പ് വീടിന്റെ വിള്ളല്‍ പരിശോധിച്ച് നടക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലെയെന്നും മന്ത്രി ചോദിച്ചു.

റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങള്‍ പരിശോധിച്ചതാണ്. വീടുകളില്‍ വിള്ളല്‍ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്. വീടുകളുടെ 'വാട്ടര്‍ പ്രൂഫിങ്' നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളില്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാര്‍ക്കിങുകളെയാണ് വിള്ളലുകളായി ചിലര്‍ തെറ്റായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചുമതല. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിനിടയില്‍ എന്തെങ്കിലും പരാതികള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ തുക അവര്‍ക്ക് വിട്ടുനല്‍കുകയുള്ളൂ. ഗുണഭോക്താക്കള്‍ നേരിട്ട് കണ്ട് തൃപ്തി രേഖപ്പെടുത്തിയ ശേഷം മാത്രമേ താക്കോല്‍ കൈമാറ്റം നടക്കുകയുള്ളൂവെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

Tags: