തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി സൂചികയായ 10 മൂന്നാറില്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി അറിയിച്ചു. മൂന്നാര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മാനന്തവാടി, ബേപ്പൂര്‍, പൊന്നാനി, തൃത്താല, ഒല്ലൂര്‍, കോട്ടാരക്കര എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍:
രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ യുവി സൂചിക ഉയര്‍ന്ന നിലയില്‍ തുടരുമെന്നതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍ ഉള്‍നാടന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മനേത്രരോഗങ്ങള്‍ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്.
ദൈര്‍ഘ്യമേറിയ യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണം.
മലമ്പ്രദേശങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളും പൊതുവെ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്നവയായതിനാല്‍ അവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
