സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സ് ഉയരുന്നു; ആറിടത്ത് യെല്ലോ അലേര്‍ട്ട്

Update: 2026-02-17 09:16 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് അപകടകരമായ നിലയിലേക്ക് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി ഇന്‍ഡക്‌സ് ആറു രേഖപ്പെടുത്തി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഉയര്‍ന്ന തോതിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ദീര്‍ഘസമയം ഏല്‍ക്കുന്നത് സൂര്യാഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പകല്‍ 10 മുതല്‍ വൈകുന്നേരം മൂന്നു വരെ യുവി ഇന്‍ഡക്‌സ് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍ ഉള്‍നാടന്‍ മല്‍സ്യബന്ധന തൊവിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മനേത്ര രോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നുമാണ് നിര്‍ദേശം. യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാനും ശ്രദ്ധ വേണം. മലമ്പ്രദേശങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്ന മേഖലയായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവരും സന്ദര്‍ശിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: