ഉത്തരാഖണ്ഡ് ദുരന്തം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു; തിരച്ചില്‍ തുടരുന്നുവെന്ന് ഡിജിപി
ഡെറാഡൂണ്‍: മഞ്ഞുമല ഇടിഞ്ഞു വീണ് ഉത്തരാഖണ്ഡിലെ ചമോലിയിലെ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങി മരിച്ച 26 പേരുടെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ പേരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇരുന്നൂറോളം പേരെയാണ് കാണാതായിരുന്നത്. അതില്‍ ചിലരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. തുരങ്കത്തില്‍ 35 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആകെ 171 പേരുടെ വിവരങ്ങളാണ് ഇനിയും ലഭിക്കാനുള്ളത്.രാത്രി 8 മണിയോടെയാണ് ഒരു മൃതദേഹം കണ്ടെടുത്തത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഉത്തരാഖണ്ഡ് പോലിസ് തുടങ്ങിയ ഏജന്‍സികളുടെ മേധാവികളുമായി കൂടിക്കാഴ്ചനടത്തി.
ഞായറാഴ്ച്ച മഞ്ഞുമലയുടെ ഒരു ഭാഗം അടര്‍ന്ന് വീണതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചത്. അളകനന്ത നിറഞ്ഞതോടെ റോഡുകളും പാലങ്ങളും മറ്റും കവിഞ്ഞൊഴുകി. തുടര്‍ന്ന് പ്രദേശവാസികളെ അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു.
നിര്‍മാണ തൊഴിലാളികളാണ് 12 അടി ഉയരവും 15 അടി വീതിയുമുള്ള തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നതും അതാണ്. തുരങ്കത്തില്‍ എവിടെയാണ് തൊഴിലാളികള്‍ പെട്ടുകിടക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
ഇന്തോ ടിബെറ്റന്‍ ബോര്‍ഡര്‍ പോലിസ്, ദേശീയ ദുരന്ത നിവാരണ വിഭാഗം തുടങ്ങിയവര്‍ മണ്ണ് നീക്കുന്നതിനായി ഞായറാഴ്ച്ച അര്‍ധ രാത്രിയോളം ശ്രമിച്ചു. ഏകദേശം 100 മിറ്ററോളം മണ്ണുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയോ അതിലധികമോ നീക്കം ചെയ്യേണ്ടതായി വരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയവും മഞ്ഞുമല ഇടിഞ്ഞുവീണതും മൂലവുമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പങ്കെടുത്തു. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം വിശദമായ ചര്‍ച്ചനടത്തി. യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജഗത് പ്രകാശ് നദ്ദ എന്നിവരും പങ്കെടുത്തു. കേന്ദ്രത്തിന്റെ മുഴുവന്‍ സന്നാഹങ്ങളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.

