കന്‍വാര്‍ യാത്ര: സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Update: 2021-07-16 05:05 GMT

ഡറാഡൂണ്‍: കന്‍വാര്‍ യാത്രക്ക് യുപി സര്‍ക്കാര്‍ അനുമതി നിഷേധിക്കാത്ത സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന  അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. അതിര്‍ത്തി കടക്കാന്‍ എത്തുന്ന കന്‍വാര്‍ യാത്രികരെ 'ബഹുമാനപൂര്‍വം' അതിര്‍ത്തിയിലേക്ക് തിരിച്ചയക്കാനാണ് ഉത്തരാഖണ്ഡിന്റെ തീരുമാനം.

അതിര്‍ത്തിയില്‍ കൂടുതല്‍ പോലിസിനെ വിന്യസിപ്പിക്കുമെന്ന് ഡിജിപി അശോക് കുമാര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം അറിയിച്ചു.

ജൂലൈ 25ാം തിയ്യതിയാണ് യാത്ര ആരംഭിക്കുന്നത്.

എല്ലാ ജില്ലകളിലും കന്‍വാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഉത്തരാഖണ്ഡിലെ ട്രയിനുകളില്‍ കന്‍വാര്‍ യാത്രക്കാര്‍ എത്തിച്ചേരാതിരിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തും. കന്‍വാര്‍ യാത്രിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കില്ല.

എവിടെയെങ്കിലും വച്ച് കണ്ടെത്തുന്ന കന്‍വാര്‍ യാത്രികനെ ശിവക്ഷേത്രത്തില്‍ ദര്‍ശനമനുവദിച്ച് തിരിച്ചയക്കും.

ഹരിദ്വാറില്‍ ഏതെങ്കിലും ആള്‍ എത്തുകയാണെങ്കില്‍ അവരെ ക്വാറന്റീന്‍ ചെയ്യും.

3.5 കോടി കന്‍വാര്‍ യാത്രികരാണ് ഒരോ വര്‍ഷവും ഉത്തരാഖണ്ഡിലെത്തുക.

അതിനിടയില്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരിനും നോട്ടിസ് അയച്ചിട്ടുണ്ട്. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 25നാണ് യാത്ര നടക്കുന്നത്. കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും.