ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പ്: പുഷ്‌കര്‍ ധാമിക്ക് വന്‍വിജയം

Update: 2022-06-03 09:26 GMT

ഡറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് വമ്പിച്ച വിജയം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഈ വിജയം അദ്ദേഹത്തിന് അനിവാര്യമായിരുന്നു.

ഉത്തരാഖണ്ഡിലെ ചമ്പാവത്ത് മണ്ഡലത്തില്‍നിന്നാണ് ധാമി മല്‍സരിച്ച് വിജയിച്ചത്. രണ്ടാം സ്ഥാനത്തുവന്ന സ്ഥാനാര്‍ത്ഥിയുമായി 55,025 വോട്ടിന്റെ വ്യത്യാസമുണ്ട്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 92.94 ശതമാനവും അദ്ദേഹം നേടി.

ബിജെപി എംഎല്‍എ കൈലാഷ് ഗെഹ്‌തോറി രാജിവച്ചൊഴിഞ്ഞ സീറ്റിലാണ് ധാമി മല്‍സരിച്ചത്. കോണ്‍ഗ്രസ്സിന്റെ നിര്‍മല ഗെഹ്‌തോറിയെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖത്തീമ മണ്ഡലത്തില്‍നിന്ന് ധാമി മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഉത്തരാഖണ്ഡിലെ വിജയശില്‍പിയെന്ന നിലയില്‍ മറ്റുള്ളവരെത്തള്ളി കേന്ദ്ര നേതൃത്വം ധാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

റെക്കോര്‍ഡ് വിജയം നേടിയ ധാമിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.

ഒഡീഷയിലെ ബ്രജ്രാജ്‌നഗര്‍, കേരളത്തിലെ തൃക്കാക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.  

Tags: