ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; വിമതശല്യമൊതുക്കി കോണ്‍ഗ്രസ്സും ബിജെപിയും

Update: 2022-02-01 01:40 GMT

ഡറാഡൂണ്‍; പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ ഫലം കാണുന്നു. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  രംഗത്തുവന്ന കോണ്‍ഗ്രസ്സിലെയും ബിജെപിയിലെയും വിമതരില്‍ 90 ശതമാനം പേരും നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ചു. തിങ്കളാഴ്ചയോടെയാണ് ഭൂരിഭാഗം പേരും തങ്ങളുടെ നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ചത്.

ജോയിന്റ് ചീഫ് ഇലക്ടൊറല്‍ ഓഫിസര്‍ പ്രതാപ് സിങ് ഷാ പുറത്തുവിട്ട കണക്കനുസരിച്ച് 70 നിയമസഭാ സീറ്റുകളിലായി 95 വിമത സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്. തിങ്കളാഴ്ചയായിരുന്നു നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

632 സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ 70 നിയമസഭാ മണ്ഡലങ്ങളിലായി മല്‍സരരംഗത്തുള്ളതെന്ന് ഷാ പറഞ്ഞു.

ഡറാഡൂണിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍, 117 പേര്‍. കുറവ് ഛമ്പവാത്, ബഗീശ്വര്‍ സീറ്റുകളിലാണ്, 14 പേര്‍ വീതം.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 

Tags: