വികസനത്തില്‍ ഉത്തര്‍പ്രദേശ് 28ാം സ്ഥാനത്ത്, തെലങ്കാന അഞ്ചാം സ്ഥാനത്തും: യോഗിയെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി

Update: 2020-11-28 18:30 GMT

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗിയെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. യോഗിയുടെ ഉത്തര്‍പ്രദേശ് വികസനത്തിന്റെ കാര്യത്തില്‍ 28ാം സ്ഥാനത്താണ്. എന്നാല്‍ തെലങ്കാന അഞ്ചാം സ്ഥാനത്താണ്. തനിക്കെതിരേ ബിജെപി യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണെന്ന് തെലങ്കാന രാഷ്ട്രസമിതി നേതാവുകൂടിയായ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് ആരും ഹൈദരാബാദിലെത്തിയില്ല. ജനങ്ങളെ കണ്ടില്ല. എന്നാല്‍ ഇപ്പോഴവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരിക്കുകയാണ്. അതും തദ്ദേശ തിരഞ്ഞെടുപ്പിന്. തന്റെ നിലപാടുകളാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സും ബിജെപിയും പോലുള്ള ദേശീയ പാര്‍ട്ടികള്‍ ഭരിച്ച് നാട് മുടിഞ്ഞുപോയെന്നും ചന്ദ്രശേഖര റാവു കുറ്റപ്പെടുത്തി.

യോഗിയുടെ പ്രചാരണത്തിനെതിരേ ടിആര്‍എസ് ഹൈദരാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തു. മിക്കവരും കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും റിപോര്‍ട്ടുണ്ട്.

ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്.