ലഖ്‌നോ ലുലു മാളിലെ നമസ്‌കാരം: ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2022-07-24 03:09 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോ ലുലു മാളില്‍ നമസ്‌കരിച്ച ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഖ്‌നോവിലെ ചൗപദിയ സ്വദേശി മുഹമ്മദ് ആദിലാണ് പിടിയിലായത്. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു. ഇതുവരെ അറസ്റ്റിലായവരില്‍ മാള്‍ ജീവനക്കാര്‍ ആരുമില്ല. മാള്‍ പരിസരത്ത് അനുവാദമില്ലാതെ മതപ്രാര്‍ത്ഥന നടത്തിയവരില്‍ ഒരാളാണ് പ്രതിയെന്ന് അഡീഷനല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ് പറഞ്ഞു.

മാള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അജ്ഞാതര്‍ അനുമതിയില്ലാതെ വന്ന് മാളില്‍ നമസ്‌കരിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ജൂലൈ 13നാണ് പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ ഒരുകൂട്ടം ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനു പിറകെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ബജ്‌റംഗ്ദള്‍, കര്‍ണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാര്‍ട്ടി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാളിനു മുന്നില്‍ നടന്നത്. പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ജീവനക്കാരെ നിയമിക്കുമ്പോള്‍ മാള്‍ അധികൃതര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുകയും ലൗ ജിഹാദ് നടത്തുകയും ചെയ്യുന്നതായും ഗ്രൂപ്പുകള്‍ ആരോപിച്ചു.മാള്‍ ജീവനക്കാരില്‍ 70 ശതമാനവും മുസ്‌ലിം പുരുഷന്മാരും ബാക്കിയുള്ളവര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള സ്ത്രീകളുമാണെന്നായിരുന്നു പരാതിയിലെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ മാള്‍ അധികൃതര്‍ തള്ളി. മാള്‍ ജീവനക്കാരില്‍ 80 ശതമാനത്തിലധികം ഹിന്ദുക്കളാണെന്നും ബാക്കി 20 ശതമാനം മുസ്‌ലിം, ക്രിസ്ത്യന്‍, മറ്റ് മതവിഭാഗങ്ങളില്‍ നിന്നുമുള്ളവരാണെന്നും പ്രസ്തവനയില്‍ വ്യക്തമാക്കി.

Tags:    

Similar News