ഉത്തര്‍പ്രദേശ് ലൗ ജിഹാദ് നിയമം: പിയുസിഎല്‍ ഹരജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി; ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദേശം

Update: 2021-02-03 14:11 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയ ലൗജിഹാദ് നിയമവുമായി ബന്ധപ്പെട്ട ഹരജി ഫയലില്‍ സ്വീകരിക്കാതെ സുപ്രികോടതി. പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്‍ജിഒ ആയ പിയുസിഎല്‍ ആണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മതംമാറ്റ നിരോധന നിയമത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.

''ഞങ്ങള്‍ ഈ ഹരജി പ്രോല്‍സാഹിപ്പിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്''- ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരേഖിനോട് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ നിയമം വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണെന്നും മിശ്രവിവാഹങ്ങളെ തടയുകയാണെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ ഹരജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി പിയുസിഎല്‍ അഭിഭാഷകനോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെ, ജസ്റ്റിസുമാരായ ബോപണ്ണ, വി രാമസുബ്രഹ്മണ്യ തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിരപരാധികളായ നിരവധി പേര്‍ ഈ നിയമത്തിന് ഇരയാവുകയാണെന്ന് സഞ്ജയ് പരേഖ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ കേസിന്റെ മെറിറ്റിനെ കുറിച്ചല്ല പറയുന്നതെന്നും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ആവര്‍ത്തിച്ചു.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകളും സമാനമായ നിയമങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചെങ്കിലും മൂന്നംഗ ബെഞ്ച് നിലപാടില്‍ ഉറച്ചുനിന്നു. തങ്ങള്‍ വിഷയത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണുന്നില്ലെന്നും കോടതി പറഞ്ഞു.

ജനുവരി 6ാം തിയ്യതി ഇതേ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വന്ന മറ്റൊരു ഹരജിയില്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

Tags:    

Similar News