ഉത്തര്‍പ്രദേശില കരട് ജനസംഖ്യാ നിയന്ത്രണനിയമം: ഇതുവരെ ലഭിച്ചത് 8,500 പ്രതികരണങ്ങള്‍

Update: 2021-07-20 16:31 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ നിര്‍ദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് രേഖക്ക് ഇതുവരെ ലഭിച്ചത് 8,500 പ്രതികരണങ്ങളെന്ന് ലോ കമ്മീഷന്‍. നിയമത്തിനെക്കുറിച്ചുള്ള പ്രതികരണം നല്‍കേണ്ട അവസാന തിയ്യതി ജൂലൈ 19ആയിരുന്നു.

ജനസംഖ്യാ നിയമത്തിന്റെ കരട് രേഖക്ക് ഇ മെയില്‍ വഴി ഇതുവരെ ലഭിച്ചത് 8500 പ്രതികരണങ്ങളാണ്. ചിലത് നിയമത്തെ വിമര്‍ശിച്ചും ചിലത് നിയമത്തെ അനുകൂലിച്ചുമാണെന്ന് ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ പറഞ്ഞു.

കമ്മീഷന്‍ എല്ലാ മെയിലുകളിലൂടെയും കടന്നുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നിര്‍ദേശങ്ങള്‍ വേണ്ട വിധം പരിഗണിക്കും. നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണെങ്കില്‍ അത് പരിഗണിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഒരു മാസം ഏടുത്താണ് ബില്ല് തയ്യാറാക്കിയതെന്നും അതിനുശേഷമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 9ാം തിയ്യതിയാണ് കരട് ബില്ല് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് സൈറ്റില്‍ അപ് ലോഡ് ചെയ്തത്. പ്രതികരണത്തിന് 10 ദിവസവും അനുവദിച്ചു.

കരട് നിയമത്തിനെതിരേ വിവിധ പാര്‍ട്ടികളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല, സാമൂഹി, മത സംഘടനകളും രംഗത്തുവന്നു.

കരട് നിയമമനുസരിച്ച് രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള അവകാശം നഷ്ടപ്പെടും.

2021-30നുള്ളില്‍ ജനനനിരക്ക് 2.1ലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവില്‍2.7 ശതമാനമാണ് ജനനനിരക്ക്.