ഉത്ര വധം: പാമ്പു കടിച്ചതില്‍ സ്വാഭാവികത ഇല്ലെന്ന് ഡോക്ടര്‍

ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ല

Update: 2021-02-20 01:18 GMT
കൊല്ലം : ഉത്രയെ പാമ്പുകടിച്ചില്‍ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസര്‍ ഡോ. ജെ.കിഷോര്‍കുമാര്‍ കോടതിയില്‍ മൊഴിനല്‍കി. ഉത്ര വധക്കേസിന്റെ സാക്ഷി വിസ്താരത്തില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. ഒരാളെ രണ്ടുപ്രാവശ്യം മൂര്‍ഖന്‍ കടിച്ചെന്നത് വിശ്വസിക്കാനാകില്ല. വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന പാമ്പാണ് മൂര്‍ഖന്‍. കടികള്‍ രണ്ടും ഒരേസ്ഥലത്താണെന്നത് കൈകള്‍ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്. മൂര്‍ഖന്‍ ജനല്‍വഴി കയറണമെങ്കില്‍ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനല്‍കി.


ഉത്രയെ ആശുത്രിയില്‍ പരിശോധിച്ച ഡോ. ജഹരിയ ഹനീഫിനെയും ഇന്നലെ കോടതി വിസ്തരിച്ചു. അണലികടിച്ചശേഷം കൊണ്ടുവരാന്‍ താമസിച്ചതിനു കാരണംചോദിച്ചപ്പോള്‍ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയയാള്‍ തൃപ്തികരമായ മറുപടിതന്നില്ലെന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനല്‍കി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകള്‍ നല്‍കിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്നും ഇവര്‍ പറഞ്ഞു.


അത്യാസന്നനിലയില്‍ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയില്‍ ചെന്നപ്പോള്‍ എന്തോ കൈയില്‍ കടിച്ചതാണെന്നുപറഞ്ഞ് ഭര്‍ത്താവ് ഇറങ്ങിപ്പോയെന്ന് അഞ്ചല്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദര്‍ മൊഴിനല്‍കി. പരിശോധനയില്‍ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകള്‍ ആള്‍ക്കഹോള്‍ സ്വാബ്‌കൊണ്ടുതുടച്ചപ്പോള്‍ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകള്‍ കണ്ടെത്തി. പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുന്‍പ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു. കേസിന്റെ വിചാരണ ഇന്നും തുടരും.




Tags:    

Similar News