ഉത്ര വധക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴ് വര്‍ഷം തടവും

Update: 2021-10-13 07:11 GMT

കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴ് വര്‍ഷം തടവും. കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും മറ്റ് കുറ്റങ്ങള്‍ക്ക് 17വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എല്ലാ ശിക്ഷയും വെവ്വേറെ അനുഭവിക്കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം മനോജാണ് വിധി പറഞ്ഞത്. 

ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാശ്രമം(307), ദേഹോപദ്രവം(326), വനം വന്യജീവി ആക്റ്റ്(115) എന്നിവ പ്രകാരമാണ് ശിക്ഷവിധിച്ചത്. സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും അപൂര്‍വത്തില്‍ അപൂര്‍വമായ കേസായിട്ടും വധശിക്ഷ ഒഴിവാക്കുകയായിരുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് വിജയശേഖരനും സഹോദരനും കോടതിയിലെത്തിയിരുന്നു. 

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

Tags:    

Similar News