വാഷിങ്ടണ്‍: പരിസ്ഥിതി, സമാധാന സംഘടനകള്‍ ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര സംഘടനകള്‍, കണ്‍വെന്‍ഷനുകള്‍, ഉടമ്പടികള്‍ എന്നിവയില്‍ നിന്നാണ് പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട 31 സംഘടനകളും, ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള 35 സംഘടനകളും ഉള്‍പ്പെടുന്നു.
'അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ അന്താരാഷ്ട്ര സംഘടനകള്‍, കരാറുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറല്‍' എന്ന തലക്കെട്ടിലുള്ള മെമ്മോറാണ്ടത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ സോളാര്‍ അലൈന്‍സും പിന്മാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഈ ആഗോള സംരംഭത്തില്‍ നിലവില്‍ അംഗങ്ങളായിട്ടുള്ളത് 100ലധികം രാജ്യങ്ങളാണ്. ഇതില്‍ 90ലധികം രാജ്യങ്ങള്‍ പൂര്‍ണ്ണ അംഗത്വം നേടിയിട്ടുണ്ട്. ട്രംപ് പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുള്ള സംഘടനകള്‍ അമേരിക്കയുടെ ദേശീയ സുരക്ഷ, സാമ്പത്തിക വളര്‍ച്ച, പരമാധികാരം എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റില്‍ അവകാശപ്പെടുന്നത്.
