ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണ യുഎസ് യുദ്ധവിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും അവശിഷ്ടങ്ങള്‍ സുരക്ഷിതമായി വീണ്ടെടുത്തു

Update: 2025-11-21 11:29 GMT

വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണ യുഎസ് നാവികസേനയുടെ എഫ്എ-18 സൂപ്പര്‍ ഹോര്‍ണെറ്റ് യുദ്ധവിമാനത്തിന്റെയും എംഎച്ച്-60 സൈനിക ഹെലികോപ്റ്ററിന്റെയും അവശിഷ്ടങ്ങള്‍ വിജയകരമായി വീണ്ടെടുത്ത് അമേരിക്കന്‍ നാവികസേന. ചൈനയ്ക്ക് ഈ അവശിഷ്ടങ്ങള്‍ ലഭിക്കാനിടവരുന്നുവെന്നതിനാല്‍ തന്ത്രപ്രധാന സാങ്കേതികവിദ്യ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക തിരച്ചില്‍ സംഘം അടിയന്തര നടപടി സ്വീകരിച്ചത്.

മിലിറ്ററി സീലിഫ്റ്റ് കമാന്‍ഡിന് കീഴിലുള്ള സേഫ്ഗാര്‍ഡ്ക്ലാസ് കപ്പലായ യുഎസ്എന്‍എസ് സാല്‍വോര്‍ ആണ് വിദഗ്ധരുടെ സഹായത്തോടു കൂടി സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് തിരച്ചില്‍ നടത്തിയത്. ഏകദേശം 300 ടണ്‍ ഭാരമുള്ള അവശിഷ്ടങ്ങളാണ് കപ്പല്‍ തിരിച്ചുകൊണ്ടുവന്നത്. സൂപ്പര്‍ ഹോര്‍ണെറ്റിന്റെ ഏകദേശം 33 ടണ്‍ ഭാരമുണ്ട്. ഒക്ടോബര്‍ 27നു യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനവും ഹെലികോപ്റ്ററും 30 മിനിറ്റിനുള്ളില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണിരുന്നു. അപകടത്തിന് പിന്നാലെ യുദ്ധവിമാനത്തിലെ രണ്ടുവൈമാനികരെയും ഹെലികോപ്റ്ററിലെ മൂന്നു ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുത്തു. രണ്ട് അപകടങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

അത്യന്തം സങ്കീര്‍ണ്ണമായ ജിയോപോളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടലില്‍ യുഎസ് സൈനിക വിമാനങ്ങളും കപ്പലുകളും സാന്നിധ്യം പുലര്‍ത്തുന്നത് ചൈന പലപ്പോഴും ചോദ്യം ചെയ്തുവരുന്നു. അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടങ്ങളില്‍ ഉപരിതലവ്യോമയാന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്ന് യുഎസ് നിലപാടാണെങ്കിലും, ഈ നീക്കങ്ങളെ ചൈന നിയമവിരുദ്ധമെന്ന് വിളിക്കാറുണ്ട്.

ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളിലും പ്രദേശങ്ങളിലും ചൈന പരമാധികാരം അവകാശപ്പെടുമ്പോള്‍ ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്‌നാം, ബ്രൂണൈ, തായ്‌വാന്‍ എന്നിവയും അവകാശവാദവുമായി രംഗത്ത് വന്നിട്ടുണ്ട്. 2016ലെ ഹേഗ് അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി ചൈനയുടെ ചരിത്രാവകാശ വാദങ്ങള്‍ തള്ളി ഫിലിപ്പീന്‍സിന് അനുകൂലമായിരുന്നുവെങ്കിലും ചൈന ആ വിധി അംഗീകരിച്ചിട്ടില്ല.

Tags: