ജൂണ്‍ 16 മുതല്‍ ചൈനീസ് വിമാനങ്ങള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി

Update: 2020-06-03 15:23 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ചൈനയിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൈനീസ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് അമേരിക്കയും വിലക്കേര്‍പ്പെടുത്തി. രാജ്യത്തേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക ഉത്തരവിട്ടു.

ജൂണ്‍ 1 മുതല്‍ യാത്രാവിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ യുഎസ് വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചൈന അംഗീകരിച്ചിരുന്നില്ല. ഇതിനു പ്രതികരണമെന്ന നിലയിലാണ് അമേരിക്കയുടെ നടപടി. അമേരിക്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാത്തത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒപ്പുവച്ച വ്യോമ ഗതാഗത കരാറിന്റെ ലംഘനമാണെന്ന് യുഎസ് ഗതാഗത വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

സസ്പെന്‍ഷന്‍ ഉത്തരവ് ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടാല്‍ ഉടന്‍ നടപ്പാക്കാനാവും.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം നിര്‍ത്തിവച്ച വ്യോമഗതാഗതം തുടരണമെന്നാവശ്യപ്പെട്ട് ഡെല്‍റ്റ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് ചൈനയെ സമീപിച്ചത്. എന്നാല്‍ ചൈനീസ് വ്യോമയാന വകുപ്പ് അനുമതി നല്‍കിയില്ല. 

അമേരിക്കന്‍ സര്‍ക്കാരിന്റെ നടപടയെ ഡല്‍റ്റാ എയര്‍ലൈന്‍സ് സ്വാഗതം ചെയ്തു. പക്ഷേ, യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

ഈ അവസ്ഥ നിലനിര്‍ത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും രണ്ട് കക്ഷികള്‍ക്കും അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയുന്ന മെച്ചപ്പെട്ട അന്തരീക്ഷം നിലനിര്‍ത്തലാണ് ഉദ്ദേശ്യമെന്നും യുഎസ് ഗതാഗതവകുപ്പ് ഉത്തരവില്‍പറയുന്നു.  

Tags:    

Similar News