റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരേ നവംബര്‍ 21 മുതല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തും

Update: 2025-10-25 06:32 GMT

മുംബൈ: റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുകോയില്‍ എന്നിവയ്ക്കെതിരേ യുഎസ് പ്രഖ്യാപിച്ച ഉപരോധം നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. യുഎസ് വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് ഉപരോധം നടപ്പാക്കുന്നത്. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്നെഫ്റ്റും ലുകോയിലുമാണ് ഇന്ത്യയിലേക്ക് 70 ശതമാനത്തിലധികം എണ്ണ വിതരണം ചെയ്യുന്നത്.

ഉപരോധം നിലവില്‍ വന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി താത്കാലികമായി ബാധിക്കാനിടയുണ്ട്. അതിനാല്‍, ഇന്ത്യ അടുത്ത ഒരു മാസത്തിനുള്ളില്‍ മറ്റു റഷ്യന്‍ കമ്പനികളുമായി പുതിയ കരാറുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

നിലവില്‍ റഷ്യയില്‍നിന്ന് ഇന്ത്യ ദിവസേന ഏകദേശം 1.7 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലാ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവയുടെ പങ്കാണ്. പൊതുമേഖലാ കമ്പനികളായ ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയവയുടെ റഷ്യന്‍ ഇറക്കുമതി വളരെ കുറവാണ്.

റോസ്നെഫ്റ്റിന്റെയും ലുകോയിലിന്റെയും പങ്ക് റഷ്യയുടെ മൊത്തം എണ്ണ ഉത്പാദനത്തില്‍ 57 ശതമാനമാണെങ്കിലും ബാക്കി 43 ശതമാനം മറ്റ് കമ്പനികളാണ് ഉത്പാദിപ്പിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്കെതിരേ ഉപരോധം ബാധകമല്ലാത്തതിനാല്‍ ഇന്ത്യക്ക് എണ്ണ ഇറക്കുമതി തുടരാന്‍ കഴിയുമെന്നും ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ വ്യക്തമാക്കി.

Tags: