അമേരിക്കയുടെ താരിഫ് നയം; ഇന്ത്യയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വന്‍ ഇടിവ്, റിപോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്ക 50ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനുശേഷം, ഇന്ത്യയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വന്‍ഇടിവെന്ന് റിപോര്‍ട്ടുകള്‍.മേഖലയില്‍ ഏകദേശം 75 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 35% വിഹിതമുള്ള യുഎസിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയിലെ ഇടിവ് 2026 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള കയറ്റുമതിയില്‍ ഇടിവുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ആഗസ്റ്റ് 27 മുതല്‍ ഇന്ത്യയുടെ കയറ്റുമതിക്ക് യുഎസ് 60% ത്തോളം തീരുവ ചുമത്തിയതിനെത്തുടര്‍ന്ന്, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ചെമ്മീന്‍ കയറ്റുമതി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) സഹസ്ഥാപകനായ അജയ് ശ്രീവാസ്തവ പറയുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫ് കാരണം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി 15%-18% വരെ കുറയുമെന്ന് റേറ്റിങ് സ്ഥാപനമായ ക്രിസില്‍ റേറ്റിംഗ്‌സ് പറഞ്ഞു.
അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയതിനുശേഷം, ഇന്ത്യന്‍ കയറ്റുമേഖലക്കുണ്ടായ നഷ്ടം നികത്താന്‍ വലിപണി പാടുപെടുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടിക്കിടെ ഒക്ടോബര്‍ 27 ന് ക്വാലാലംപൂരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും , ഇന്ത്യയും യുഎസും തമ്മില്‍ ഇപ്പോഴും ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ഉണ്ടായിട്ടില്ല.
വ്യാപാര താരിഫുകള്‍ ആന്ധ്രാപ്രദേശിന് ചെമ്മീന്‍ കയറ്റുമതിയില്‍ ഏകദേശം 25,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി റിപോര്‍ട്ടുണ്ട്, ഏകദേശം 50% ഓര്‍ഡറുകള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് എന്നിവര്‍ക്ക് എഴുതിയ വെവ്വേറെ കത്തുകളില്‍, ചരക്ക് സേവന നികുതിയില്‍ ഇളവ് നല്‍കണമെന്നും ആന്ധ്രയിലെ ചെമ്മീന്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ വിപുലീകരിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. യുഎസിന് അപ്പുറമുള്ള വിപണികള്‍ തേടാനും അദ്ദേഹം നിര്‍േദശിച്ചിരുന്നു.
