യുഎസിലെ സിലിക്കണ്‍വാലി ഭരണകൂടം സിഎഎക്ക് എതിരെ പ്രമേയം പാസാക്കി
അല്‍മെഡ കൗണ്ടി സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കിയത് അമേരിക്കയിലെ ഹിന്ദു ദേശീയതയുടെ വക്താക്കള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
സിലിക്കണ്‍വാലി: കൊവിഡ് മഹാമാരി ശമിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ഇന്ത്യന്‍ ഭരണകൂടം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഎസിലെ സിലിക്കണ്‍വാലിയിലെ അല്‍മെഡ കൗണ്ടി (നഗര കൗണ്‍സില്‍) സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കി. 1.6 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സിലിക്കണ്‍ വാലിയിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നാണ് അല്‍മെഡ കൗണ്ടി. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൗരത്വം ഒഴിവാക്കാന്‍ ലക്ഷ്യമിടുന്ന സിഎഎ, എന്‍ആര്‍സി നിയമങ്ങളെ അപലപിക്കുന്ന യുഎസിലെ ഏഴാമത്തെ പ്രദേശിക ഭരണകൂടമാണ് അല്‍മെഡ.
'പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ഇന്ത്യയിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ എതിര്‍ക്കുന്നതായും ഇത് മുസ്‌ലിംകള്‍, ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, തദ്ദേശവാസികള്‍ എന്നിവരോട് കാണിക്കുന്ന വിവേചനമാണെന്നും' പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
അല്‍മെഡ കൗണ്ടിയുടെ നടപടിയെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐഎഎംസി) സ്വാഗതം ചെയ്തു.'അല്‍മേഡ കൗണ്ടി പാസാക്കിയ പ്രമേയം അമേരിക്കന്‍, ഇന്ത്യന്‍ ജനാധിപത്യ രാജ്യങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഒഴിവാക്കല്‍ നിയമങ്ങളോടുള്ള വിവിധ സിറ്റി കൗണ്‍സിലുകളുടെ എതിര്‍പ്പ് വരാനുള്ള ബിഡന്‍ ഭരണകൂടത്തിന് പിന്തുടരാനുള്ള മാതൃകയായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎഎംസി പ്രസിഡന്റ് അഹ്‌സാന്‍ ഖാന്‍ പറഞ്ഞു. അല്‍മെഡ കൗണ്ടി സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കിയത് അമേരിക്കയിലെ ഹിന്ദു ദേശീയതയുടെ വക്താക്കള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. നരേന്ദ്രമോദി ഭരണകൂടം പിന്‍തുടരുന്ന ഹിന്ദുത്വ നയങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്‍തുണ ലഭിക്കുന്നതിന് വേണ്ടി വ്യാജവാര്‍ത്ത ശൃഖലകള്‍ ഉപയോഗിച്ചും പ്രവര്‍ത്തകര്‍ വഴിയും ഹിന്ദുത്വര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെയാണ് യുഎസിലെ പ്രാദേശിക ഭരണകൂടങ്ങള്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുന്നത്. നേരത്തെ സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, കേംബ്രിഡ്ജ്, അല്‍ബാനി, സെന്റ് പോള്‍, ഹാംട്രാംക് എന്നീ ആറ് നഗര കൗണ്‍സിലുകള്‍ നേരത്തെ സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കിയിരുന്നു.
