ബൗദ്ധിക സ്വത്തവകാശ മോഷണം: ഒളിവിലായിരുന്ന ചൈനീസ് ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യുഎസ്
വാഷിങ്ടണ്‍: സാന്‍ ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് എംബസിയില്‍ ഒളിവിലായിരുന്ന ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യുഎസ് ഭരണകൂടം അവകാശപ്പെട്ടു. ബെയ്ജിങ് അവരുടെ നയതന്ത്ര സംവിധാനത്തെ യുഎസ്സ് സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ബൗദ്ധിക സ്വത്ത് മോഷണം നടത്തുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും യുഎസ് ആരോപിച്ചു.
താങ് ജുവാന്‍ എന്ന ബയോളജിസ്റ്റിനെയാണ് യുഎസ് കസ്റ്റഡിയിലെടുത്തത്. ഇവർ കഴിഞ്ഞ രാത്രി മുതല്‍ ഒളിവിലായിരുന്നെന്ന് യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് സിഎന്‍എന്‍നോട് പറഞ്ഞു.
താങ്‌നെതിരേ യുഎസ് കേസെടുത്തിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഇവര്‍ക്കെതിരേ ഇതുവരെ ചാരവൃത്തി ആരോപിച്ചിട്ടില്ല.
ഹൂസ്റ്റണിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുഎസ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനു പകരമായി ചൈന അമേരിക്കയോട് അവരുടെ ചെന്‍ഗ്ഡുവിലെ നയതന്ത്ര കാര്യാലയം അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു.
താങ് ജുവാന്‍ ചൈനീസ് സൈന്യവുമായുള്ള ബന്ധം മൂടിവച്ചുവെന്നും അത് പുറത്തുവന്നതോടെ സാന്‍ഫ്രാന്‍സിസ്‌കോവിലെ എംബസിയില്‍ അഭയം തേടിയെന്നും നേരത്തെ യുഎസ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
അതേസമയം ജൂണ്‍ 20ന് എഫ്ബിഐ ചോദ്യം ചെയ്ത സമയത്ത് തനിക്ക് ചൈനീസ് സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന് താങ് ആവര്‍ത്തിച്ചിരുന്നു.
ഫോര്‍ത്ത് മിലിറ്ററി മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മിലിറ്ററി യൂണിഫോം ധരിക്കണമെന്നുണ്ട്. തന്റെ യൂണിഫോമിലെ ചിഹ്നത്തെ കുറിച്ച് അറിയില്ലെന്നും അവര്‍ അവകാശപ്പെട്ടു- യുഎസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചു.
ചൈനീസ് ലിബറേഷന്‍ ആര്‍മിയിലെ സിവിലിയന്‍ കാഡറില്‍ താങ് അംഗമാണെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ തങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടെന്നും നേരത്തെ എഫ്ബിഐ ആരോപിച്ചിരുന്നു. ടെക്‌സാസിലെ ഗവേഷണ കേന്ദ്രത്തില്‍ നടന്ന തട്ടിപ്പില്‍ ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്രകാര്യാലയത്തിന് പങ്കുണ്ടെന്നാണ് യുഎസ്സ് ഉയര്‍ത്തിയ മറ്റൊരു ഗുരുതരമായ ആരോപണം. താങിനെതിരേ വിസതട്ടിപ്പിനും കേസെടുത്തിട്ടുണ്ട്.

