സൗദിയും അമേരിക്കയും പ്രതിരോധ സഹകരണം ശക്തമാക്കി

Update: 2025-11-19 09:23 GMT

റിയാദ്: സൗദി അറേബ്യയും അമേരിക്കയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് കരാര്‍ രൂപംകൊണ്ടത്.

90 വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളെയും കൂട്ടിപ്പിണഞ്ഞുനിര്‍ത്തുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിലാണ് പുതിയ കരാര്‍ തയ്യാറാക്കിയിരുക്കുന്നത്. ദീര്‍ഘകാല പ്രതിരോധ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക ഘട്ടമായാണ് കരാര്‍ വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാന്‍ സൗദിയുടെയും അമേരിക്കയുടെയും പരസ്പര പ്രതിബദ്ധതയെയാണിത് പ്രതിഫലിപ്പിക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതില്‍ രണ്ടു രാജ്യങ്ങളും വിശ്വസനീയരായ സഹപ്രവര്‍ത്തകരാണെന്ന കാര്യം കരാര്‍ വീണ്ടും ഉറപ്പിക്കുന്നു.

ദീര്‍ഘകാല പ്രതിരോധ ശ്രമങ്ങളുടെ ഏകോപനവും പ്രതിരോധ ശേഷിയുടെ വര്‍ധനവുമാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ ശേഷികളെ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന ശക്തമായ, സുസ്ഥിരമായ പങ്കാളിത്തത്തിനുള്ള ചട്ടക്കൂടാണ് കരാര്‍ നിര്‍മിക്കുന്നത്. 

അന്താരാഷ്ട്ര സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതിന് കരാര്‍ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധ കരാര്‍ ഒപ്പുവച്ചത് തന്ത്രപരമായ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രാദേശിക സുരക്ഷയും ആഗോള സമാധാനവും ഉറപ്പാക്കാനും ഇരു രാജ്യങ്ങളും കാട്ടുന്ന ഉറച്ച പ്രതിബദ്ധതയാണെന്ന് സൗദി പ്രതിരോധമന്ത്രി അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു.

Tags: