യുദ്ധക്കപ്പലില്‍ നിന്ന് വണ്‍വേ അറ്റാക്ക് ഡ്രോണ്‍ വിക്ഷേപണം; ചരിത്രനേട്ടവുമായി യുഎസ് അഞ്ചാം കപ്പല്‍പ്പട
മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് അഞ്ചാം കപ്പല്‍പ്പട വണ്‍വേ അറ്റാക്ക് ഡ്രോണ്‍ വിജയകരമായി വിക്ഷേപിച്ചു. പ്രതിരോധ രംഗത്ത് നിര്‍ണായകമായ നേട്ടമെന്ന നിലയിലാണ് ഈ പരീക്ഷണം അമേരിക്കന്‍ നാവികസേന വിലയിരുത്തുന്നത്. ഒരു യുദ്ധക്കപ്പലില്‍ നിന്ന് വണ്‍വേ അറ്റാക്ക് ഡ്രോണ്‍ വിക്ഷേപിക്കുന്നതെന്ന ചരിത്രനേട്ടം ഇതോടെയാണ് കൈവരിച്ചത്. അഞ്ചാം കപ്പല്‍പ്പടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യുഎസ്എസ് സാന്താ ബാര്‍ബറ എന്ന യുദ്ധക്കപ്പലില്‍ നിന്നാണ് 'ലൂക്കാസ്' എന്ന പേരിലുള്ള ഡ്രോണ്‍ വിക്ഷേപിച്ചത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതും അതേസമയം ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതുമാണ് ഈ ഡ്രോണ്‍ സംവിധാനമെന്ന് യുഎസ് നാവികസേന അറിയിച്ചു.
സമുദ്രസുരക്ഷ ഉറപ്പാക്കുക, ശത്രുനീക്കങ്ങളെ പ്രതിരോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞ ചെലവില്‍ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വണ്‍വേ അറ്റാക്ക് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. കരയിലും വാഹനങ്ങളിലുമെല്ലാം നിന്നു വിക്ഷേപിക്കാവുന്ന ലൂക്കാസ് ഡ്രോണ്‍ ഇനി യുദ്ധക്കപ്പലുകളില്‍ നിന്നുമാണ് വിജയകരമായി പരീക്ഷിച്ചത്. ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള സമുദ്രപരപ്പിലാണ് യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ പ്രവര്‍ത്തന പരിധി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു സമുദ്രപാതകള്‍ ഈ മേഖലയിലുള്‍പ്പെടുന്നു. 21 രാജ്യങ്ങളുമായി സമുദ്രബന്ധം നിലനിര്‍ത്തുന്നതിലും അന്തര്‍ദേശീയ വ്യാപാരപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
വരുന്ന ദിവസങ്ങളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ വിന്യാസം കൂടുതല്‍ വ്യാപകമാക്കാനാണ് യുഎസ് സേനയുടെ തീരുമാനം. ഇതോടെ സമുദ്ര പ്രതിരോധ രംഗത്ത് അമേരിക്കയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
