കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വയമേവ പുതുക്കുന്നത് അവസാനിപ്പിച്ച് യുഎസ്
വാഷിങ്ടണ്‍: കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വയമേവ പുതുക്കുന്നത് അവസാനിപ്പിച്ച് യുഎസ്. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റേതാണ് നടപടി. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, തൊഴിലാളികളുടെ പെര്‍മിറ്റ് നീട്ടുന്നതിനുമുമ്പ് കൃത്യമായ പരിശോധനകളും സ്‌ക്രീനിങും ഉണ്ടായിരിക്കും. ഇതുപ്രകാരം തട്ടിപ്പ് തടയാനും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനും സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസി തൊഴിലാളികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിക്കൊണ്ട്, എച്ച്1ബി വിസകള്‍ക്ക് വാര്‍ഷിക അപേക്ഷാ ഫീസ് 100,000 യുഎസ് ഡോളര്‍ എന്ന പുതിയ പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ ഏറ്റവും പുതിയ കുടിയേറ്റ വിരുദ്ധ നടപടി വരുന്നത് .
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിനു കീഴില്‍, കുടിയേറ്റ തൊഴിലാളികളുടെ പെര്‍മിറ്റ് കാലഹരണപ്പെട്ടാല്‍ പോലും, കൃത്യസമയത്ത് പുതുക്കലിനായി അപേക്ഷിച്ചാല്‍, അവര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുവാദമുണ്ടായിരുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, യുഎസില്‍ എല്ലാ വര്‍ഷവും ഏകദേശം 450,000 ആളുകള്‍ വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി നീട്ടുന്നതിനുവേണ്ടി അപേക്ഷിക്കുന്നു. പ്രതിമാസം ഏകദേശം 49,000 അപേക്ഷകളാണ് ഇത്തരത്തില്‍ വരുന്നത്.