റഷ്യ കരാര്‍ ലംഘിച്ചു; ഒഡേസയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക

Update: 2022-07-24 01:58 GMT

വാഷിങ്ടണ്‍: യുക്രെയ്‌ന്റെ തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്ത്. യുക്രെയ്‌ന്റെ കാര്‍ഷിക കയറ്റുമതി പുനരാരംഭിക്കാനുള്ള കരാര്‍ ഒപ്പിട്ട് 24 മണിക്കൂര്‍ കഴിഞ്ഞതിന് പിന്നാലെ തുറമുഖത്തെ ആക്രമിച്ച് റഷ്യ കരാര്‍ ലംഘനം നടത്തിയെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു. ആക്രമണത്തോടെ കരാറിനോടുള്ള റഷ്യയുടെ പ്രതിബദ്ധത സംബന്ധിച്ച് ഗുരുതരമായ സംശയം ഉളവായിരിക്കുകയാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തെയും കരാറിനോടുള്ള റഷ്യയുടെ വിശ്വാസ്യതയും ഇത് ദുര്‍ബലപ്പെടുത്തുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

കരിങ്കടല്‍ തുറമുഖം വഴി യുക്രെയ്‌നില്‍നിന്നുള്ള ധാന്യക്കയറ്റുമതി പുനസ്ഥാപിക്കുന്നതിനായി റഷ്യയും യുക്രെയ്‌നും പ്രത്യേകം കരാറുകളിലാണ് ഏര്‍പ്പെട്ടത്. കരാറില്‍, ധാന്യങ്ങളുടെ കയറ്റിറക്കിനിടെ റഷ്യ തുറമുഖങ്ങളെ ആക്രമിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറെസ്, തുര്‍ക്കി പ്രസിഡന്റ് റെസിപ് തയിപ് ഉര്‍ദുഗാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു, യുക്രെയ്ന്‍ അടിസ്ഥാനവികസന മന്ത്രി ഒലക്‌സാണ്ടര്‍ കുര്‍ബാക്കോവ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചത്.

യുക്രെയ്ന്‍- റഷ്യ യുദ്ധം മൂലം ലോകത്ത് ഭക്ഷ്യക്ഷാമ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. കരിങ്കടല്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്ന 2.2 കോടി ടണ്‍ ധാന്യവും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിനായി യുക്രെയ്ന്‍- റഷ്യന്‍ സൈന്യം തമ്മില്‍ ധാരണയെത്തുന്നതിനായുള്ള ശ്രമങ്ങള്‍ യുഎന്നിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യവിഭാഗം തലവന്‍ ഹൊസെപ് ബൊറെല്‍ പറഞ്ഞു.

ആക്രമണത്തെ യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അപലപിച്ചു. എന്നാല്‍, തുറമുഖത്തിന് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ നിഷേധിക്കുകയാണ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് ഒഡേസ തുറമുഖത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യുക്രേനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള ധാന്യ കയറ്റുമതി സംബന്ധിച്ച കരാറില്‍ റഷ്യ ഏര്‍പ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

കരാറില്‍ ആക്രമണം നടത്തരുതെന്ന് വ്യവസ്ഥയുള്ള മൂന്ന് തുറമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഒഡേസ എന്നത് ശ്രദ്ധേയമാണ്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ തുറമുഖത്ത് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്നു. തുറമുഖത്തേക്ക് നാല് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് റിപോര്‍ട്ട്. രണ്ട് ക്രൂയിസ് മിസൈലുകള്‍ വെടിവച്ചിട്ടതായും രണ്ട് മിസൈലുകള്‍ തുറമുഖത്ത് പതിച്ചതായും യുക്രേനിയന്‍ സൈന്യം അവകാശപ്പെട്ടു.

Tags:    

Similar News