വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തി അമേരിക്ക

Update: 2026-01-03 15:06 GMT

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ സൗത്ത്ണ്‍ ഡിസ്ട്രിക്റ്റില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. 'മയക്കുമരുന്ന് ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, അമേരിക്കക്കെതിരേ യുദ്ധത്തിനുള്ള ഗൂഢാലോചന' എന്നിവയാണ് മഡൂറോയ്ക്കെതിരായ കുറ്റങ്ങള്‍. അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനില്‍ ബ്രിട്ടണ്‍ ഒരു തരത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു.

വെനസ്വേലന്‍ തലസ്ഥാനം കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. വ്യോമാക്രമണത്തിനു പിന്നാലെ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കിയിരുന്നു. ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. വെനസ്വേലന്‍ വിമാനത്താവളങ്ങളിലും അമേരിക്കന്‍ ആക്രമണമുണ്ടായി. ഈഗ്റോട്ട് വിമാനത്താവളത്തില്‍ വമ്പന്‍ സ്ഫോടനങ്ങള്‍ നടന്നു. ഇന്ത്യന്‍ സമയം രാത്രി 9.30ന് നടക്കുന്ന പത്രസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങല്‍ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

Tags: