ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന്‍ പദ്ധതിക്ക് യുഎസ്സ് സഹായധനം പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. വാക്‌സിനേഷന്‍ പദ്ധതിക്കുള്ള സഹായധനം രാജ്യത്തെ നിരവധി ജീവനുകളെ രക്ഷപ്പെടുത്തുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
രണ്ട് വാക്‌സിനും എടുത്തവരുടെ നിരക്ക് ഇതുവരെയും ഇന്ത്യയില്‍ രണ്ടക്കത്തിലെത്തിയിട്ടില്ല.
വാക്‌സിന്‍ വാങ്ങാനും വിതരണം ചെയ്യാനും ഇപ്പോള്‍ നല്‍കുന്ന പണം ഉപയോഗിക്കാനാവും.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ബ്ലിങ്കനും സംയുക്തമായാണ് യോഗം വിളിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ യുഎസ് നല്‍കുന്ന സഹായത്തിന് ജയ്ശങ്കര്‍ നന്ദി പറഞ്ഞു.
യുഎസ് എയ്ഡിന്റെ 200 ദശലക്ഷം ഡോളര്‍ സഹായം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ ബ്ലിങ്കന്‍ നേരിട്ട് സഹായധനം പ്രഖ്യാപിച്ചത്.
ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും അഫ്ഗാനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇന്തോപസഫിക് മേഖലയില്‍ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദ്വിദിന സന്ദര്‍ശനത്തിനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തിയത്. തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുവൈത്തിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം സന്ദര്‍ശിക്കും.
