സവര്‍ണ സംവരണം: എല്‍ഡിഎഫിന് സവര്‍ണരുടെ വോട്ട് വര്‍ധിച്ചില്ല, ദലിതരുടെയും പിന്നാക്കക്കാരുടെയും വോട്ട് വര്‍ധിച്ചു

Update: 2021-05-08 14:34 GMT

തിരുവനന്തപുരം: സവര്‍ണ സംവരണം ഈ തിരഞ്ഞെടുപ്പില്‍ കരുതിയതുപോലെ സ്വാധീനം ചെലുത്തിയില്ലെന്ന് തിരഞ്ഞെടുപ്പ് സര്‍വേ ഫലം. ലോക് നീതി-സിഎസ്ഡിഎസ് സര്‍വേയാണ് തിരഞ്ഞെടുപ്പിലെ വിവിധ വിഭാഗങ്ങളുടെ വോട്ടിങ് ശതമാനത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

പുറത്തുവന്ന വിവരമനുസരിച്ച് സവര്‍ണ സംവരണം കൊണ്ട് എല്‍ഡിഎഫിന് നായന്മാരുടെയോ മറ്റ് സവര്‍ണരുടെയോ വോട്ട് വര്‍ധിച്ചില്ല. അതേസമയം ആകെ ഹിന്ദുക്കളുടെയും മുസ് ലിംകളുടെയും വോട്ട് വര്‍ധിക്കുകയും ചെയ്തു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നായന്മാരില്‍ 32 ശതമാനം പേരാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തത്. 2016 തിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ ഏഴ് ശതമാനം കൂടുതല്‍ വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത്. അന്ന് നായര്‍ വിഭാഗത്തില്‍ നിന്ന് 45 ശതമാനം വോട്ട് ലഭിച്ചു. മറ്റ് ഇതര സവര്‍ണരില്‍ നിന്ന് ഇത്തവണ എല്‍ഡിഎഫിന് 27 ശതമാനം വോട്ടാണ് ലഭിച്ചത്. നേരത്തെ അത് 36 ശതമാനമായിരുന്നു. അതായത് സവര്‍ണ സംവരണം നടപ്പാക്കുന്നത് ഒരു മാനദണ്ഡമായിരുന്നെങ്കില്‍ എല്‍ഡിഎഫിന് അതുമൂലം കൂടുതല്‍ സവര്‍ണവോട്ടുകള്‍ നേടാനായിട്ടില്ല. കുറയുകയും ചെയ്തു.

അതേസമയം സവര്‍ണസംവരണം കൊണ്ട് നഷ്ടമുണ്ടായ സംവരണ വിഭാഗങ്ങള്‍ ഇത്തവണ കൂടുതലായി എല്‍ഡിഎഫിന് വോട്ട് ചെയ്തതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2021ല്‍ 53 ശതമാനം ഈഴവരും 61 ശതമാനം പിന്നാക്കക്കാരും 69 ശതമാനം ദലിതരും 39 ശതമാനം മുസ് ലിംകളും എല്‍ഡിഎഫിന് വോട്ട് ചെയ്തു. കഴിഞ്ഞ തവണ അത് യഥാക്രമം 49 ശതമാനം, 49 ശതമാനം, 51 ശതമാനം, 35 ശതമാനം എന്നിങ്ങനെയായിരുന്നു. അതായത് വോട്ടര്‍മാരെ സവര്‍ണ സംവണം ബാധിച്ചിട്ടില്ല.

അതേസമയം എല്‍ഡിഎഫിന് ഹിന്ദുക്കള്‍ കൂടുതലായി വോട്ട് ചെയ്തതായി കാണുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 2 ശതമാനം കൂടുതല്‍ ഹിന്ദുക്കളാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തത്. ഇത്തവണ 50 ശതമാനം ഹിന്ദുവോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെങ്കില്‍ കഴിഞ്ഞ തവണ അത് 48 ശതമാനമായിരുന്നു.