വിവാഹത്തിന് കുതിരപ്പുറത്ത് വന്നതിന് ദലിത് വരനെ സവര്‍ണര്‍ മര്‍ദ്ദിച്ചു

ഒടുവില്‍ പൊലീസ് സംരക്ഷണത്തിലാണ് വരന്‍ വിവാഹ വേദിയിലെത്തിയത്.

Update: 2020-12-12 08:15 GMT
ഭില്‍വാര: വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദളിത് വരനെ സവര്‍ണര്‍ മര്‍ദ്ദിച്ചു. കുതിരപ്പുറത്തു നിന്ന് വരനെ താഴേക്ക് വലിച്ചിട്ട ശേഷമാണ് മര്‍ദിച്ചത്. തടയാനെത്തിയ വരന്റെ ബന്ധുക്കള്‍ക്കും മര്‍ദനമേറ്റു. പാര്‍ക്കേഷ് എന്ന ദലിത് യുവാവിനാണ് വിവാഹദിനത്തില്‍ മര്‍ദ്ദനമേറ്റത്. ശിവപൂര്‍ ഗ്രാമത്തിലെ മോഹന്‍ ലാല്‍ എന്നയാളുടെ മകളുമായിട്ടായിരുന്നു പാര്‍ക്കേഷിന്റെ വിവാഹം. വധൂ ഗൃഹത്തിലേക്ക് കുതിരപ്പുറത്ത് ഘോഷയാത്രയായി എത്തിയപ്പോള്‍ ചില സവര്‍ണര്‍ വരനോട് കുതിരപ്പുറത്ത് നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രതികള്‍ പാര്‍ക്കേഷിനെ മര്‍ദിക്കാന്‍ തുടങ്ങി. തടഞ്ഞപ്പോള്‍ ബന്ധുക്കളെയും മര്‍ദിച്ചു.


ഇതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് സംരക്ഷണത്തിലാണ് വരന്‍ വിവാഹ വേദിയിലെത്തിയത്. വരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും വിവാഹ ചടങ്ങ് അവസാനിക്കുന്നതുവരെ പൊലീസുകാരെ വധുവിന്റെ വീട്ടില്‍ വിന്യസിച്ചിരുന്നതായും കരേഡ എസ്എച്ച്ഒ ജഗദീഷ് പ്രസാദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇക്കാര്യം അന്വേഷിക്കാന്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രോഹിത് കുമാര്‍ മീണയെ ചുമതലപ്പെടുത്തി. രാജ്‌സമന്ദ് ജില്ലയിലെ ഭീം ടൗണിലാണ് പാര്‍ക്കേഷിന്റെ വീട്.




Tags: