യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്ല്; ഹിന്ദുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വിഎച്ച്പി

Update: 2021-07-12 11:34 GMT

ന്യൂഡല്‍ഹി: യുപിയില്‍ യോഗി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ വിഎച്ച്പി നേതാവ്. പുതിയ ബില്ല് ഹിന്ദുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ആരോപിച്ചു. ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷദ്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കുന്ന കരട് ബില്ലിന് കഴിഞ്ഞ ദിവസമാണ് യുപി സംസ്ഥാന നിയമ കമ്മീഷന്‍ അംഗീകാരം നല്‍കിയത്.

പുതിയ നിയമം കുട്ടികളില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്നതിനു പുറമെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അസമത്വത്തിന് കാരണമാവുമെന്നും നിയമ കമ്മീഷന് എഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമം ഒരു സമുദായത്തിലെ അംഗ സംഖ്യ ചുരുങ്ങാനും മറ്റ് സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടാനും ഇടയാക്കും. ഒരു സമുദായം ഈ നിയമത്തിന്റെ ഗുണങ്ങളുപയോഗിച്ച് വികസിക്കും പുതിയ നിയമം വരുന്നതോടെ ഹിന്ദുക്കളുടെ എണ്ണം ചുരുങ്ങുമെന്നും മറ്റ് സമുദായങ്ങള്‍ വികസിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അസമിലും കേരളത്തിലും ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണ്. ഇപ്പോഴത് 2.1ന് താഴെയാണ്. എന്നാല്‍ മുസ് ലിംകളില്‍ അസമില്‍ അത് 3.16ഉം കേരളത്തില്‍ 2.33 ഉം ആണ്. അതിനര്‍ത്ഥം ഒരു സമുദായം ചുരുങ്ങി മറ്റൊരു സമുദായം വികസിക്കുന്നതിന് ഇത് കാരണമാവുമെന്നാണ്.

ഒരു കുട്ടി മാത്രമുണ്ടാവുന്നത് സാമൂഹികപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നാണ് വിഎച്ച്പിയുടെ നിരീക്ഷണം. ഒരു കുട്ടിയാവുകയാണെങ്കില്‍ അവര്‍ ലാളിച്ച് വഷളാക്കപ്പെടും. അതു പ്രശ്‌നമാണ്- കത്തില്‍ പറയുന്നു.

ചൈനയിലും അത് ഇളവുകളോടെയാണ് നടപ്പാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.