മുസ് ലിംകളുടെ നമസ്‌കാരം നിരോധിക്കണമെന്ന്: വിദ്വേഷപ്രാസംഗിക സാധ്വി അന്നപൂര്‍ണക്കെതിരേ യുപി പോലിസ് കേസെടുത്തു

Update: 2022-06-07 09:06 GMT

അലിഗഢ് :ധര്‍മസന്‍സദില്‍ വിദ്വേഷപ്രസംഗം നടത്തി കുപ്രസിദ്ധിയാര്‍ജിച്ച സാധ്വി അന്നപൂര്‍ണയെന്ന പൂജ ശകുന്‍ പാണ്ഡെയ്‌ക്കെതിരെ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കിയതിന് അലിഗഢ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നമസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന നടത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. അഖില ഭാരത ഹിന്ദു മഹാസഭയുടെ (എബിഎച്ച്എം) ദേശീയ സെക്രട്ടറിയാണ് ഇവര്‍.

നേരത്തെ, വിവാദ പ്രവര്‍ത്തികളുടെയും പ്രസ്താവനകളുടെയും പേരില്‍ ഇവര്‍ക്കെതിരേ അലിഗഢ് പോലിസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടിലും ജാമ്യം ലഭിച്ചു.

അലിഗഢ് അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റ് (ഒന്ന്) നോട്ടിസ് നല്‍കിയാണ് ഇവരെ വിളിപ്പിച്ചത്.

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു. സത്യം പറഞ്ഞാല്‍ ഏതെങ്കിലും മതത്തിന്റെ വികാരം വ്രണപ്പെടുമെങ്കില്‍ ഖേദിക്കുന്നുവെന്ന് അവര്‍ മറുപടി നല്‍കിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 295 എ, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ധര്‍മസന്‍സദില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് ഇവര്‍ക്കെതിരേ കേസുണ്ട്.

2019 ല്‍, മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. 

Tags:    

Similar News