അല്‍ ഖാഇദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്ന് യുപി പോലിസ്; ബിജെപി സര്‍ക്കാരിനെയും യുപി പോലിസിനെയും വിശ്വാസമില്ലെന്ന് അഖിലേഷ് യാദവ്

Update: 2021-07-12 13:37 GMT

ലഖ്‌നോ: അല്‍ ഖാഇദ  പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്ന യുപി പോലിസിന്റെ അവകാശവാദത്തെ തള്ളി മുന്‍ യുപി മുഖ്യമന്ത്രിയും സമാജ് വാദിപാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. അഖിലേഷിന്റെ അഭിപ്രായപ്രകടനം യുപിയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

ഞാന്‍ യുപി പോലിസിലും ബിജെപി സര്‍ക്കാരിലും വിശ്വസിക്കുന്നില്ല- അഖിലേഷ് കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിവാദം വളര്‍ന്നതോടെ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് അഖിലേഷിന്റെതായി പുറത്തുവന്നതെന്ന വാദവുമായി സമാജ് വാദി പാര്‍ട്ടിയുടെതന്നെ നേതാക്കള്‍ രംഗത്തുവന്നു. അഖിലേഷ് അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുംമുമ്പാണ് പ്രതികരിച്ചതെന്നാണ് നേതാക്കളുടെ വാദം.

അല്‍ ഖാഇദ അനുയായികളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞായറാഴ്ചയാണ് യുപി പോലിസ് പുറത്തുവിട്ടത്. ലഖ്‌നോവില്‍ നിന്ന് ഭീകരവിരുദ്ധസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യുപിയില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചിരുന്നതായും മനുഷ്യബോംബായി പൊട്ടാനും പദ്ധതിയിട്ടതായും പോലിസ് ആരോപിച്ചു.

മിന്‍ഹാസ് അഹമ്മദ്, മസീറുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡിജിപി പ്രശാന്ത് കുമാര്‍പറഞ്ഞു.

ആഗസ്റ്റ് 15ന് സ്‌ഫോടനം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് അഡിജിപിയുടെ വാദം. 

Tags: