യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

Update: 2022-02-10 01:29 GMT

ന്യൂഡല്‍ഹി; യുപി നിയമസഭയിലേക്കുളള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 58 നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 2024 പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് യുപി തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷക കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയിലും ഈ ഘട്ടത്തിന് വലിയ പ്രാധാന്യമുണ്ട്.

2017 തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ ബിജെപിക്കായിരുന്നു ആധിപത്യം. യോഗി ആദിത്യനാഥിന്റെ ഭരണത്തിന്റെ റഫറണ്ടമായും ഇതിനെ കാണുന്നവരുണ്ട്.

സമാജ് വാദി പാര്‍ട്ടി സഖ്യമാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ എതിരാളി. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍, സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ്. മുസ് ലിം ദലിത് സംഘടനകളുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

യുപി തിരഞ്ഞെടുപ്പ് പ്രിയങ്കാ ഗാന്ധി വദ്രയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന അവസരമാവും. യുപിയുടെ പ്രത്യേക ചുമതലയുള്ള കേന്ദ്ര സമിതി അംഗമാണ് പ്രിയങ്ക.

2013ലെ മുസാഫര്‍നഗര്‍ സംഘര്‍ഷത്തിന്റെ വേദിയായതും ഈ പ്രദേശങ്ങളാണ്.

ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 58 നിയമസഭാ മണ്ഡലങ്ങളില്‍ 91 ശതമാനവും 2017ല്‍ ബിജെപിയാണ് നേടിയത്. ഈ ഘട്ടത്തില്‍ കര്‍ഷക സമരത്തിന്റെ അലയൊലികള്‍ നിര്‍ണായകമാകുമെന്ന് ചിലര്‍ കരുതുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 50,000ത്തോളം സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന 58 നിയമസഭാ മണ്ഡലങ്ങളിലും പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുസാഫര്‍നഗര്‍, അലിഗഢ്, മീററ്റ് എന്നിവടങ്ങളിലാണ് കൂടുതല്‍ സുരക്ഷാസൈന്യത്തെ വിന്യസിപ്പിച്ചത്. മഥുരയില്‍ മാത്രം 75 കമ്പനിയെ വിന്യസിപ്പിച്ചു. ഇവിടെ മാത്രം 21,000ത്തോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഷാംലി, മഥുര, ആഗ്ര, മുസാഫര്‍നഗര്‍, ബാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ഹാപൂര്‍, ബുലന്ദ്ഷഹര്‍, അലിഗഢ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയില്‍ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴാം ഘട്ടം മാര്‍ച്ച് 7ന് നടക്കും. മാര്‍ച്ച് 10ന് വോട്ടെണ്ണും. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി മാര്‍ച്ച് 14ന് അവസാനിക്കും.

Tags: