യുപി നിയമസഭാ തിരഞ്ഞെടുപ്പ്: വരാണസിയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര
വരാണസി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര യുപി നിയമസഭാ തിരിഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വരാണസിയില്‍ നടന്ന പ്രചാരണയോഗത്തിലും റാലിയും ആയിരങ്ങള്‍ പങ്കെടുത്തു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച പ്രിയങ്ക, കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരേ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളെ കടുത്ത രീതിയില്‍ വിമര്‍ശിച്ചു.
''കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ യുപിയിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് സോന്‍ഭദ്രയില്‍ 13 ആദിവാസികള്‍ ഭൂമിത്തര്‍ക്കത്തില്‍ കൊല്ലപ്പെട്ടു. ബിജെപിയുടെ ചില നേതാക്കളാണ് അതിനു പിന്നില്‍. നീതി ലഭിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. ഞാന്‍ അവിടെ പോയി, ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു. അവര്‍ക്ക് നീതി വേണം''- പ്രിയങ്ക പറഞ്ഞു.
കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ മരുന്നും ഓക്‌സിജനുമില്ലാതെ മരിച്ചു. സര്‍ക്കാര്‍ സഹായിക്കുമെന്ന് ആരും കരുതിയില്ല. ഒരുപാട് പേര്‍ മരിച്ചു. അതിനു ശേഷം ഹാഥ്രസ് ഉണ്ടായി. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു. അവിടെയും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചില്ല. ലഖിംപൂരിലും അതാണ് സംഭവിക്കുന്നത്. മന്ത്രിയുടെ മകനാണ് കര്‍ഷകരെ ഇടിച്ചിട്ടത്. സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു- പ്രിയങ്ക പറഞ്ഞു.
ലഖിംപൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവച്ച് പുറത്തുപോവും വരെ കോണ്‍ഗ്രസ് സമരരംഗത്തുണ്ടാവുമെന്ന് പ്രിയങ്ക ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തു. സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാലിന്യം നീക്കം ചെയ്യുന്ന കര്‍ഷകരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപമാനിച്ചതായി പ്രിയങ്ക ആരോപിച്ചു.
ഞാന്‍ ലഖ്‌നോവിലെ വാല്‍മീകി ക്ഷേത്രത്തില്‍ പോയി. അവിടെ വൃത്തിയാക്കി. ദലിത് ബസ്തികളിലെ ജനങ്ങളെയും കുടുംബങ്ങളെയും കണ്ടു. അവരുടെ മക്കളില്‍ പലരും വിദ്യാസമ്പന്നരാണെങ്കിലും ജോലിയില്ല. പ്രധാനമന്ത്രിയുടെ കോടിപതി സുഹൃത്തുക്കള്‍ ദിനംപ്രതി കോടികള്‍ നേടുന്നു. എന്നാല്‍ ഈ ജനങ്ങള്‍ക്ക് തൊഴിലില്ല- പ്രിയങ്ക പറഞ്ഞു.
8,000 രൂപക്കാണ് പ്രധാന മന്ത്രി രണ്ട് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിയത്. അതിനു രണ്ടിനും കൂടി 16,000 കോടിയായി. ഇപ്പോള്‍ 18,000 കോടിക്ക് എയര്‍ ഇന്ത്യ തന്റെ സുഹൃത്തിന് വിറ്റുവെന്ന് പ്രിയങ്ക പ്രസ്താവിച്ചു.
കര്‍ഷകരാണ് യഥാര്‍ത്ഥ ഗംഗാപുത്രരെങ്കിലും പക്ഷേ, പ്രധാനമന്ത്രിക്ക് അവരെ കാണാനുള്ള സമയമില്ലെന്നും പ്രിയങ്ക ആരോപിച്ചു.
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രിയങ്ക റാലിയില്‍ പങ്കെടുത്തത്. അവര്‍ തന്റെ സംസാരം ആരംഭിച്ചത് സംസ്‌കൃത ശ്ലോകം ആലപിച്ചുകൊണ്ടാണ്.

