മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും വസ്ത്രമില്ല; യുപിയിലെ വൃദ്ധസദനത്തില്‍ നടന്നത് സാമാനതകളില്ലാത്ത ക്രൂരത

Update: 2025-06-27 11:15 GMT

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ വൃദ്ധസദനത്തില്‍ പ്രായമായവരെ പാര്‍പ്പിച്ചിരിക്കുന്നത് അത്യന്തം മനുഷ്യരഹിതവും വൃത്തിഹീനവുമായ സാഹചര്യത്തില്‍. സെക്ടര്‍ 55 ലെ ആനന്ദ് നികേതന്‍ വൃദ്ധ് സേവാ ആശ്രമത്തിലാണ് സംഭവം. സാമൂഹിക ക്ഷേമ വകുപ്പ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും പുറത്തു വന്നത് ഞെട്ടിക്കുന്ന കഥകളാണ്. സംസ്ഥാന വനിതാ കമ്മീഷന്‍, നോയിഡ പോലിസ്, സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് 40 വൃദ്ധരെയാണ് ഇവിടെ നിന്നു രക്ഷപ്പെടുത്തിയത്.

പല താമസക്കാര്‍ക്കും ശരിയായ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു, പ്രായമായ സ്ത്രീകളെ വളരെ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ത്രീകളെ തുണികൊണ്ട് കെട്ടിയിട്ടാണ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. അതേസമയം പുരുഷന്മാരെ ഇരുണ്ട, ബേസ്‌മെന്റ് പോലുള്ള മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പലരും ശാരീരിക അവശത മുലം, മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍ തന്നെയാണ്. ഇവരെ കുളിപ്പിക്കുകയോ വൃത്തിയാക്കുകയോ ചെയ്തിരുന്നില്ല. ഇവരെ പരിപാലിക്കാനോ ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനോ ആരുമില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.

റെയ്ഡിനിടെ, രോഗികളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സ്ത്രീയെ പോലിസ് പിടികൂടി. നഴ്‌സാണെന്നായിരുന്നു ഇവര്‍ പോലിസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ അവര്‍ക്ക് 12ാം ക്ലാസ് മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തുകയായിരുന്നു.

ഒരു വൃദ്ധയായ സ്ത്രീയെ കെട്ടിയിട്ട് മുറിയില്‍ അടയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പീഡന വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ്, സാമൂഹിക ക്ഷേമ വകുപ്പ് ആശ്രമം റെയ്ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. പ്രായമായ താമസക്കാരെ പ്രവേശിപ്പിക്കുന്നതിന് സംഘടന 2.5 ലക്ഷം രൂപ സംഭാവനയായി ഈടാക്കിയതായും താമസത്തിനും ഭക്ഷണത്തിനുമായി പ്രതിമാസം 6,000 രൂപ ഈടാക്കിയതായും റിപോര്‍ട്ടുണ്ട്.

നിലവിലെ സാഹചര്യം താമസക്കാരുടെ കുടുംബങ്ങളുമായി സംസാരിച്ചപ്പോള്‍, എല്ലാം സാധാരണമാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍, ആശ്രമം സീല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. താമസക്കാരെ, സര്‍ക്കാര്‍ നടത്തുന്ന അംഗീകൃത വൃദ്ധസദനങ്ങളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: