ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരേ പ്രതിഷേധിച്ച അതിജീവിതയെ വലിച്ചിഴച്ച് പോലിസ്
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധിച്ച അതിജീവിതയെ വലിച്ചിഴച്ച് ഡല്‍ഹി പോലിസ്. ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിനു സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. എന്നാല്‍, പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അതിജീവിതയേയും അവരുടെ മാതാവിനേയും അവിടെ നിന്ന് ഡല്‍ഹി പോലിസ് വലിച്ചിഴച്ച് അവിടെ നിന്ന് മാറ്റി. 'ഞങ്ങള്‍ക്ക് നീതി ലഭിച്ചല്ല. എന്റെ മകളെ ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളെ കൊല്ലാനാണ് അവരുടെ ആഗ്രഹം. എന്നെ വഴിയില്‍ തള്ളിയിട്ട് പെണ്‍കുട്ടിയേയും കൊണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോയി'- പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെങ്കാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് രാത്രിയാണ് അതിജീവിതയും മാതാവും അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ യോഗിത ഭയാനയും ഇന്ത്യ ഗേറ്റിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് അര്‍ദ്ധ സൈനിക വിഭാഗം വിലക്കുകയും പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദ്ദിക്കുകയും ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ നിര്‍ബന്ധിച്ചുവെന്നും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പോലിസ് കസ്റ്റിഡിയില്‍ എടുത്തു. ഇന്ന് രാവിലെ പെണ്‍കുട്ടിയും മാതാവും മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സിആര്‍പിഎഫ് ബസില്‍ ഇവരെ തിരിച്ചെത്തിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും ഇവരെ തിരികെ വീട്ടിലെത്തിക്കുന്നു എന്നായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവ് മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെങ്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികള്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ കുല്‍ദീപ് സിങ് അടക്കം ഏഴു പ്രതികള്‍ക്കും 10 വര്‍ഷം തടവ് വിധിച്ചിരുന്നു. കുല്‍ദീപ് സെങ്കാറിന്റെ സഹോദരന്‍ അതുല്‍ സെങ്കാറും കേസില്‍ പ്രതിയാണ്. കുല്‍ദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിക്കുകയും പിന്നീട് കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു.

