ഉന്നാവ് ബലാത്സംഗ കേസ്; ഹൈക്കോടതി ഉത്തരവ് യുക്തിഹീനമെന്ന് സിബിഐ സുപ്രിംകോടതിയില്‍
ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരേയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐയുടെ വാദം.
കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്നാള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. 2017ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
അതേസമയം, സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഹൈക്കോടതിയെ മുഴുവനായും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകര്‍ത്തത് രണ്ട് ജഡ്ജിമാര്‍ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ രാജ്യംവിട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
