ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി നേതാവ് കുല്‍ദീപ് സിങിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

Update: 2025-12-23 11:14 GMT

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി നേതാവായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. പിന്നാലെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. നേരത്തെ വിചാരണക്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കുല്‍ദീപ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. സെന്‍ഗാറിനെതിരേ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പോലിസ്, പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ പിതാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു.

Tags: