പൂര്‍ത്തിയാകാറായ പദ്ധതിയ്ക്കടുത്ത് നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ കൂടി എണ്ണണം: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു കേന്ദ്രമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്

Update: 2022-07-13 06:05 GMT

തിരുവനന്തപുരം: പൂര്‍ത്തിയാകാറായ പദ്ധതികള്‍ക്ക് മുന്നില്‍ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. 

ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളം നല്‍കിയത്. ഇന്ത്യയിലെ മറ്റൊര് സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിതെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വികസനത്തിന്റെ എവര്‍റോളിങ് ട്രോഫി ആഗ്രഹിച്ചല്ല ഇതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. 

അതേസമയം ദേശീയ പാത വികസനം നടക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് യുപിഎ സര്‍ക്കാര്‍ ആണ്. ദേശീയ പാത വികസനത്തില്‍ പ്രതിപക്ഷം സഹകരിക്കുമ്പോള്‍ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. 

ഇതിനിടെ വിഡി സതീശനെതിരെ ഒളിയമ്പുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കേന്ദ്രത്തെ താന്‍ വിമര്‍ശിക്കുമ്പോള്‍ സഭയില്‍ ബിജെപി പ്രതിനിധി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രകോപനം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവരില്ലാത്ത സഭയില്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ് ചോദിച്ചു. പ്രകോപനം ഉണ്ടായാല്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

മന്ത്രി പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ എന്തിന് മറ്റുചിലര്‍ പ്രകോപിതരാകുന്നത് എന്തിനാണെന്ന് ആയിരുന്നു മുഹമ്മദ് റിയാസിന്റെ ചോദ്യം. വിഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം നിലനില്‍ക്കെയാണ് ഈ പരാമര്‍ശം. 

Tags:    

Similar News