പി സി ജോര്‍ജിനെ കാണാന്‍ അനുവദിച്ചില്ല; എആര്‍ ക്യാംപിന് മുന്നില്‍ നാണംകെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Update: 2022-05-01 06:03 GMT

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലിസ് അറസ്റ്റുചെയ്ത പി സി ജോര്‍ജിനെ കാണാന്‍ എആര്‍ ക്യാംപിനു മുന്നിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നാണംകെട്ട് മടങ്ങി. ജോര്‍ജിനെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ രോഷാകുലനായ വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാനാവാതെ സ്ഥലം വിടുകയായിയുന്നു. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ എആര്‍ ക്യാംപിലേക്കാണ് പോലിസ് കൊണ്ടുപോയത്. അവിടെവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജോര്‍ജിനെ കൊണ്ടുവന്നതിന് പിന്നാലെയാണ് മുരളീധരന്‍ എആര്‍ ക്യാംപിലേക്കെത്തിയത്. വലിയ ആവേശത്തോടെയാണ് രാവിലെ പത്തരയോടെ വി മുരളീധരനും ഏതാനും ബിജെപി നേതാക്കളും എആര്‍ ക്യാംപിനു മുന്നിലെത്തിയത്. ജോര്‍ജിനെ കണ്ട ശേഷം സംസാരിക്കാമന്ന് കേന്ദ്ര സഹമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, എആര്‍ ക്യാംപിനുള്ളിലേക്ക് കയറാന്‍ മുരളീധരനെ പോലിസ് അനുവദിച്ചില്ല. അതോടെ വാഹനത്തില്‍ നിന്ന് കേന്ദ്ര സഹ മന്ത്രി പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ചോദ്യങ്ങളുന്നയിച്ചതോടെ മുരളീധരന്‍ പ്രകോപിതനായി. പി സി ജോര്‍ജിന്റെ പ്രസംഗത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തെ മറികടക്കാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് പരിഹാസ്യനാവുകയായിരുന്നു വി മുരളീധരന്‍.

Tags:    

Similar News