ബിജെപി-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്ത്‌വാലെ
ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്‍സിപി, എന്‍ഡിഎയില്‍ ചേരുമെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്ത്‌വാലെ. എന്‍സിപി മഹാ വികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍സിപി മേധാവി ശരത് പവാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 50 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപിയും എന്‍സിപിയും നദിയുടെ രണ്ട് അറ്റമാണെന്നും അവര്‍ തമ്മില്‍ യോജിക്കില്ലെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞിരുന്നു.
ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും പല നദികളാണ്. എന്നിട്ടും അവര്‍ ഒന്നായില്ലേ, പിന്നെ എന്തുകൊണ്ട് ബിജെപിക്ക് എന്‍സിപിയുമായി യോജിച്ചുകൂടാ. ഇന്ത്യന്‍ ഭരണഘടന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചുചേര്‍ക്കാവുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നും അത്ത് വാലെ പറഞ്ഞു.
പ്രധാനമന്ത്രിയും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരേ പരാതിപ്പെടാനാണെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍സിപി വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. അതിര്‍ത്തിപ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനാണെന്നും മറ്റ് ചില നേതാക്കള്‍ പറഞ്ഞു. ഇതാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി നിഷേധിച്ചിരിക്കുന്നത്.
