കര്‍ഷക സമരം ഉടന്‍ അവസാനിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തൊമര്‍

Update: 2021-01-25 13:29 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം താമസിയാതെ അവസാനിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍. രണ്ട് മാസമായി തുടരുന്ന സമരത്തിന്റെ മുര്‍ദ്ധന്യഘട്ടത്തില്‍ ഡല്‍ഹിയില്‍ ട്രാക്റ്റര്‍ റാലി നടക്കാനിരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന.

പ്രതിഷേധം താമസിയാതെ അവസാനിക്കും- മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഇതുവരെ 12 അനുരജ്ഞനച്ചര്‍ച്ചകളാണ് നടത്തിയത്. ഒന്നും ഇതുവരെ ഫലപ്രാപ്തിയിലെത്തിയില്ല. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ജനുവരി 26ന് ട്രാക്റ്റര്‍ റാലി നടത്തുമെന്ന് നേരത്തെത്തന്നെ കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. ഇവിടെ ഏവര്‍ക്കും പ്രതിഷേധിക്കാനുളള അവസരമുണ്ട്, അവകാശമുണ്ട്. സമരം ചെയ്യുന്ന കര്‍ഷകര്‍ ചെറിയൊരു വിഭാഗമാണെങ്കിലും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തി പ്രതിസന്ധി അവസാനിപ്പിക്കും- മന്ത്രി പറഞ്ഞു.

പഞ്ചാബില്‍ നിന്നുളള കര്‍ഷക സംഘടനകളുടെ കടുംപിടിത്തമാണ് ചര്‍ച്ചകള്‍ ഫലപ്രദമാക്കാത്തിനു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''രാജ്യത്ത് ചില കര്‍ഷക സംഘടനകളുണ്ട്. അവയില്‍ പലതും പഞ്ചാബില്‍ നിന്നുള്ളവരാണ്. അവര്‍ക്കാണ് നിയമത്തോട് വിയോജിപ്പുള്ളത്. സര്‍ക്കാര്‍ അവരുടെ വിയോജിപ്പുകള്‍ കണക്കിലെടുക്കാന്‍ തയ്യാറാണ്. അതിനാവശ്യമായ ചര്‍ച്ചകളും നടത്തി. പതിനൊന്ന് ചര്‍ച്ചയും പരാജയപ്പെട്ടപ്പോള്‍ നാം ചില നിര്‍ദേശങ്ങള്‍ വച്ചു. പുതിയ നിയമം 1.5 വര്‍ഷം നടപ്പാക്കില്ലെന്ന് തീരുമാനിക്കുക. ഇക്കാര്യവുമായി സര്‍ക്കാര്‍ സുപ്രിംകോടതിയെയും സമീപിച്ചു. നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാനും ആ സമയത്തിനുളളില്‍ ആവശ്യമായ ചര്‍ച്ച നടത്താനും നിര്‍ദേശിച്ചു''- മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമത്തിനെതിരേയുള്ള പ്രതിഷേധം ഡല്‍ഹിയില്‍ ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു.

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ റിപബ്ലിക് ദിനമല്ലാതെ മറ്റൊരു ദിനം തിരഞ്ഞെടുക്കാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുവിഭാഗവും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News