ഏക സിവില്‍ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണിയെന്ന് ഡോ. തസ്ലിം റഹ് മാനി

Update: 2021-03-17 15:14 GMT

മലപ്പുറം : ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ഡോ. തസ്‌ലിം റഹ്മാനി, കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനത്തെ അദ്ദേഹം അപലപിച്ചു.

ഏക സിവില്‍ കോഡിനെതിരായി സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ നിലയില്‍ ദേശവ്യാപകമായി ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദേഹം മുന്നറിയിപ്പുനല്‍കി. മുത്വലാഖ്, പൗരത്വനിയമം, കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ബാബരി ഭുമിയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയവ പ്രാബല്യത്തിലാക്കിയതു പോലെ ഏക സിവില്‍ കോഡും നടപ്പാക്കുമെന്നാണ് രാജ്‌നാഥ് സിങ് അവകാശപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ 44 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്ന് രാജ്‌നാഥ് സിങ് മനസിലാക്കണം. കശ്മീരികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചും പൗരന്മാരുടെ താല്‍പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ചുമാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. ഒരു രാജ്യം ഒരു നിയമം എന്നത് നടപ്പാക്കാന്‍ രാജ്യത്ത് കഴിയില്ല. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ മതങ്ങളും സംസ്‌ക്കാരങ്ങളും ഭാഷകളും ഇവിടെയുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ നാം ആദരിക്കുന്നു. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും പ്രാദേശികതയെയും ബഹുമാനിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശങ്ങളെ ലംഘിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. ഫാഷിസ്റ്റ് അജണ്ടകള്‍ക്കനുസരിച്ച് ഒരു മതം ഒരു സംസ്‌കാരം എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന പൗരന്മാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: