'അവകാശങ്ങള്‍ക്കായി രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരം'; ശരത് പവാര്‍

Update: 2020-12-23 13:09 GMT

ന്യൂഡല്‍ഹി: അവകാശങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിഷേധിക്കേണ്ടി വരുന്നത് തീര്‍ത്തും നിര്‍ഭാഗ്യകകരമാണെന്ന് നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവ് ശരത് പവാര്‍. കര്‍ഷകരെ ബഹുമാനിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

''രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമായ കര്‍ഷകരെ ബഹുമാനിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ദേശീയ കര്‍ഷക ദിനമായ ഇന്ന് മുഴുവന്‍ കര്‍ഷകര്‍ക്കും നീതി ലഭ്യമാകട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്.'' ശരത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

സെപ്തംബര്‍ 27ന് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ അംഗീകാരം നേടിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യം കണ്ടിട്ടില്ലാത്ത വിധം കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.


നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നതിന്റെ സൂചനയാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍. നിലവിലെ ചെറിയ ഇടനിലക്കാരെ വിട്ട് വലിയ കോര്‍പറേറ്റുകളെ ആ സ്ഥാനത്ത് കൊണ്ടുവരികയാണ്.