യുഎന്‍എ ഫണ്ട് തട്ടിപ്പ് കേസ്; ജാസ്മിന്‍ ഷായുടേയും ഭാര്യയുടേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ സംഘടനയുടെ നേതാവായ ജാസ്മിന്‍ ഷായുടേയും കൂട്ടാളികളുടേയും 1.44 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ജാസ്മിന്‍ ഷാ, ഭാര്യ ഷബ്‌ന, യുഎന്‍എയുടെ മുന്‍ ഭാരവാഹികള്‍ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്‌ലാറ്റുമാണ് കണ്ടുകെട്ടിയത്. 2017-2019 കാലയളവില്‍ ജാസ്മിന്‍ ഷാ യുഎന്‍എ ദേശീയ പ്രസിഡന്റായിരുന്ന സമയത്ത് ജാസ്മിന്‍ ഷായും മറ്റ് ഭാരവാഹികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നഴ്‌സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍.
സംഘടനയുടെ ഫണ്ട് പ്രതികള്‍ ഫ്‌ലാറ്റ് വാങ്ങാനും കാറുകള്‍ വാങ്ങാനും വകമാറ്റി എന്നായിരുന്നു കേസ്. 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തിരുന്നത്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്‌ലാറ്റ് വാങ്ങിയെന്നായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രി വാങ്ങാനെന്ന പേരിലും ഇവര്‍ ക്രമക്കേട് നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. 2019ല്‍ ജാസ്മിന്‍ ഷാ അടക്കം അഞ്ചുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് 2020ല്‍ ജാസ്മിന്‍ ഷായെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യുഎന്‍എയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ജാസ്മിന്‍ ഷായ്ക്കെതിരേ ആദ്യം പരാതി നല്‍കിയത്.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും ഇഡി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് നടന്നുവരുന്ന നഴ്സുമാരുടെ വേതന സമരം ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ യുഎന്‍എയാണ് നയിക്കുന്നത്.
