ഫ്‌ളൂ വാക്സിനും മാസ്‌കും നിര്‍ബന്ധം; ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം
മക്ക: മക്കയും മദീനയും ഉള്‍പ്പെടെയുള്ള ഹറമുകളിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ ഫ്ളൂ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണമെന്ന് ഇരുഹറം കാര്യാലയം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം രോഗബാധയുടെ സാധ്യത വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയത്.
അതേസമയം, ഉംറ വിസ സംബന്ധിച്ച നിയമങ്ങളില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പരിഷ്‌കരണം പ്രഖ്യാപിച്ചു. ഉംറ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകന്‍ സൗദിയില്‍ പ്രവേശിക്കാതിരുന്നാല്‍ വിസ സ്വയം റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍, സൗദിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള താമസാവധി മൂന്നുമാസം ആയിരിക്കും. നേരത്തേ, വിസ അനുവദിച്ച ശേഷം മൂന്നുമാസത്തിനകം രാജ്യത്ത് പ്രവേശിച്ചാല്‍ മതിയായിരുന്നു. പുതിയ നിയമം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
വേനല്‍ക്കാലം അവസാനിക്കുകയും താപനില കുറഞ്ഞതോടൊപ്പം ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയും ഹറമുകളിലെ തിരക്ക് നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നടപടികളാണിതെന്ന് ഉംറ സന്ദര്‍ശന ദേശീയ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജായ്ഫര്‍ വ്യക്തമാക്കി.
ജൂണില്‍ ആരംഭിച്ച പുതിയ ഉംറ സീസണ്‍ മുതല്‍ ഇതുവരെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ തീര്‍ത്ഥാടകര്‍ റെക്കോര്‍ഡ് തോതില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഉംറ സീസണ്‍ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയതായിരിക്കുമെന്ന് വിലയിരുത്തുന്നു.
