ഇടക്കാല ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക് മടങ്ങി

14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം ഉമര്‍ ഖാലിദ് മടങ്ങി

Update: 2025-12-30 07:17 GMT

ന്യൂഡല്‍ഹി: സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂര്‍ത്തിയാക്കി ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലേക്ക് മടങ്ങി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ഉമര്‍ഖാലിദിന്, ഡിസംബര്‍ 11നാണ് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.

ഡിസംബര്‍ 27ന് നടന്ന സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉമര്‍ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലെത്തി. പിതാവ് എസ്‌ക്യൂആര്‍ ഇല്ല്യാസിനും മാതാവിനും സഹോദരിക്കുമൊപ്പം തിഹാര്‍ ജയില്‍ കവാടത്തിലേക്ക് പ്രവേശിക്കുന്ന ചിത്രങ്ങള്‍ ഉമര്‍ഖാലിദിന്റെ സാമൂഹിക മാധ്യമത്തില്‍ സഹോദരി പങ്കുവച്ചു.

'14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക്. ഈ അന്ധകാരത്തെ നാം ഉടന്‍ മറികടക്കുമെന്ന പ്രതീക്ഷയും കരുത്തും ഹൃദയത്തിലേറി. എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും കരുത്തും ധൈര്യവും നേരുന്നു' ഉമര്‍ ഖാലിദിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ സഹോദരി കുറിച്ചു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ഖാലിദ്. 2020ല്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് കഴിഞ്ഞ വര്‍ഷവും ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

നിരവധി ഉപാധികളോടെയാണ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അല്ലാതെ മറ്റാരേയും കാണരുത്, വീട്ടിലോ അല്ലെങ്കില്‍ വിവാഹചടങ്ങ് നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ താമസിക്കാവൂ, സാക്ഷികളെ ബന്ധപ്പെടരുത്, ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം തുടങ്ങിയവയായിരുന്നു ജാമ്യ വ്യവസ്ഥകള്‍.

Tags: