ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി അറസ്റ്റുകള്‍; പണ്ഡിതരെ വേട്ടയാടുന്ന യുപി പോലിസ് നടപടി ഭരണഘടനാവകാശങ്ങളുടെ നിഷേധമെന്ന് മുസ് ലിം നേതാക്കള്‍

Update: 2021-06-26 17:30 GMT

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് യുപി പോലിസ് മതപ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി എന്നിവരെ അറസ്റ്റ് ചെയ്ത നടപടി മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധമാണെന്ന് വിവിധ മുസ് ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളെ അട്ടിമറിക്കുകയാണ് യുപിയിലെ സംഘ്പരിവാര്‍ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ നിരോധനമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ് ലാം അംഗീകരിക്കാത്തതാണെന്നിരിക്കെ മുസ് ലിം പണ്ഡിതരെ അതിന്റെ പേരില്‍ വേട്ടയാടുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതപ്രബോധനത്തില്‍ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢശ്രമമാണ്. ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന അവകാശമാണ് ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. എന്നാല്‍ ഈ ഭരണഘടനാ അവകാശത്തെ ഓര്‍ഡിനന്‍സുകളിലൂടെയും മറ്റും മറികടന്ന് അട്ടിമറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിന്റെ തെളിവാണ് ഉമര്‍ ഗൗതം ജഹാംഗീര്‍ ഖാസിമി അറസ്റ്റുകളെന്ന് നേതാക്കള്‍ പറഞ്ഞു.

ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി, എം ഐ അബ്ദുള്‍ അസീസ്, ടി പി അബ്ദുല്ലക്കോയ മഹ്ദനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ടി കെ അഷ്‌റഫ്, ഡോ. വി പി സുബൈബ് മൗലവി, ഓണമ്പിളളി മുഹമ്മദ് ഫൈസി, വി എച്ച് അലിയാര്‍ ഖാസിമി, അബ്ദു ശുക്കൂര്‍ ഖാസിമി, ഇലവുപാലം ശംസുദ്ധീന്‍ മന്നാനി, അര്‍ഷദ് മുഹമ്മദ് നദ് വി, ഡോ. ജാബിര്‍ അമാനി, നഹാസ് മാള എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.