സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; രണ്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2026-04-20 04:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയ കോന്നി (പത്തനംതിട്ട), മൂന്നാര്‍ (ഇടുക്കി) മേഖലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക എട്ടു മുതല്‍ പത്തു വരെയായാല്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ , മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സൂര്യപ്രകാശം ദീര്‍ഘനേരം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്ര പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക.

മല്‍സ്യത്തൊഴിലാളികള്‍, പുറം ജോലിക്കാര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.

ശരീരം മൂടുന്ന ലഘുവസ്ത്രങ്ങള്‍ ധരിക്കുക.

യാത്രകളില്‍ ഇടയ്ക്കിടെ തണലില്‍ വിശ്രമിക്കുക.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

Tags: