സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2026-03-11 05:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ അടിസ്ഥാനമാക്കി ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കളമശേരി, ഒല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെ ആയാല്‍ യെല്ലോ അലേര്‍ട്ടും 8 മുതല്‍ 10 വരെ ആയാല്‍ ഓറഞ്ച് അലേര്‍ട്ടും 11നു മുകളില്‍ എത്തുമ്പോള്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുന്നത്.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

സാധാരണയായി പകല്‍ പത്തു മുതല്‍ ഏഴു വരെയുള്ള സമയങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയിലുള്ളവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണ്. യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണം.

മലനിരകളിലും ഉഷ്ണമേഖല പ്രദേശങ്ങളിലുമാണ് പൊതുവെ യുവി സൂചിക ഉയരുന്നത്. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags: