സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കളമേശരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജാഗ്രത നിര്‍ദേശങ്ങള്‍
പകല്‍ പത്തു മുതല്‍ മൂന്നു വരെ സമയങ്ങളില്‍ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കുക.
പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.
ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്.
യാത്രക്കിടെ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക കൂടുതലായിരിക്കുമെന്നതിനാല്‍ ആ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
